തൃശൂർ: ശക്തമായ നീരൊഴുക്കിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റർ പിന്നിട്ട സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ശേഷമാണ് ഷട്ടർ നാലടി താഴ്‌ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

424 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഡാം തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട്ടെ മംഗലം ഡാം തുറക്കാൻ സാധ്യത. മംഗലം ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ എപ്പോൾ വേണമെങ്കിലും തുറക്കാൻ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

നിലവിൽ 75.55 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. 77.88 മീറ്റർ ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി.അണക്കെട്ടിനോട് ചേർന്ന് ജലസേചന വകുപ്പിന്റെ പ്രദേശങ്ങളിലും അണക്കെട്ടിന്റെ താഴ്ഭാഗത്ത് മംഗലം പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.