കൊച്ചി :പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി പീതാംബരന് സിബിഐ കോടതിയുടെ അനുമതിയില്ലാതെ പ്രത്യേക ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് സിബിഐ കോടതിയിൽ ഹാജരായി.കോടതിയുടെ നോട്ടീസ് അയച്ച ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്‌പെൻഷൻ നേരിടുന്ന സാഹചര്യത്തിലാണ് ജോയിന്റ് സൂപ്രണ്ട് നസീം ഹാജരായത്. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദ്ദേശിച്ചത്.

നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ഒന്നാം പ്രതി പീതാംബരൻ.ഇക്കഴിഞ്ഞ ഓക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു.ഇതിന് പിന്നാലെ 19 ന് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു.തുടർന്നാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്രതിക്ക് 40 ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകാനുള്ള അനുമതി സൂപ്രണ്ട് നൽകിയത്.പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങളും ഉള്ളതുകൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

2019 ഫെബ്രുവരി 17നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.24 പ്രതികളുള്ള കേസിൽ 16 പേർ ജയിലിലാണ്.കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.