പത്തനംതിട്ട: ബാലൻസ് തുകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച് യാത്രക്കാരൻ. പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ ഇന്നലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആഞ്ഞിലിത്താനം സ്വദേശി രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ബസിൽ കയറിയതു മുതൽ കണ്ടക്ടറുമായി വിവിധ വിഷയങ്ങളിൽ രതീഷ് തർക്കങ്ങളിലേർപ്പെട്ടിരുന്നു. തുടർന്ന് നിശ്ചിത സ്റ്റോപ്പിൽ ഇറങ്ങിയ ഇയാൾ, സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ബസിന്റെ ചില്ലിലേക്ക് എറിയുകയായിരുന്നു. ബസിന്റെ പിൻസീറ്റിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രതീഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കി.

അതേസമയം, കൊല്ലം ഓച്ചിറയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ചു. മേമന സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീമാണ് നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഷൈൻമോഹനെ മർദ്ദിച്ചത്. ഷൈൻമോഹന് പരിക്കേൽക്കുകയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.