കണ്ണൂർ: കളിചിരികളുമായി സ്‌കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരിക്കൂർപെരുമണ്ണിൽ അകാലത്തിൽ വാഹനാപകടത്തിൽ പൊലിഞ്ഞ കുരുന്നുകളെ അനുസ്മരിച്ചു പിറന്ന നാട് . 15 വർഷം മുൻപാണ് ഡിസംബർ നാലിന് വൈകുന്നേരം സ്‌കൂൾ വിട്ടു വരികയായിരുന്ന പതിനൊന്നു കുട്ടികളുടെ മേൽ നിയന്ത്രണം വിട്ടു പാഞ്ഞുകയറിയത്. അകാലത്തിൽ പൊലിഞ്ഞ കുരുന്നുകളുടെ ഓർമ്മകൾക്കു മുൻപിൽ ഇടനെഞ്ച് വിതുമ്പുന്ന വേദനയോടെയാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം രക്തപുഷ്പങ്ങളുമായി നിന്നത്.

പെരുമണ്ണ് സ്മൃതി മണ്ഡപത്തിൽ സജീവ് ജോസഫ് എംഎ‍ൽഎയുടെ നേതൃത്ത്വത്തിൽ നടന്ന പുഷ്പാർച്ചന നടത്തി. പെരുമണ്ണ് ദുരന്തത്തിന്റെ 15ാം വാർഷിക ദിനത്തിലാണ് പെരുമണ്ണിലെ സ്മൃതി മണ്ഡപത്തിൽ സജീവ് ജോസഫ് എംഎ‍ൽഎയുടെ നേതൃത്വത്തിൻ പുഷ്പാർച്ചന നടത്തിയത്. നേതാക്കളായ തോമസ് വർഗീസ്, കെ.പി.ബാബു, വാർഡ് മെമ്പർ ആർ.രാജൻ, ആർ.കെ. ബിനീഷ്, വി.വി.ഷിജിത്ത്, സജേഷ്, സുജി കുമ്പ ത്തി തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

2008 ഡിസംബർ നാലി നാണ് നാട്ടിനെ നടുക്കിയ ദുരന്തം നടന്നത്. പെരുമണ്ണ് ശ്രീനാരായണെ എൽ.പി.സ്‌ക്കൂളിലെ വിദ്യാർത്ഥികൾ സ്‌ക്കൂൾ വിട്ടു വരുമ്പോൾ പിന്നിലൂടെ എത്തിയ ടെമ്പോ ട്രാക്‌സ് വാഹനം ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഒൻപതു കുട്ടികൾ സംഭവ ദിവസവും ഒരുവിദ്യാർത്ഥി ദുരന്തത്തിന്റെ ഒമ്പതാം ദിവസവുമാണ് മരിച്ചത്. പുഷ്പാർച്ചനയ്ക്കായി സ്‌ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്മൃതി മണ്ഡപത്തിലെത്തിയിരുന്നു. തുടർന്ന് സ്‌ക്കൂൾ ഹാളിലും അനുസ്മരണ സമ്മേളനം നടത്തി.