തിരുവനന്തപുരം: ഒരോഫയലും ഒരോ ജീവതങ്ങളാണെന്നാണ് അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രി പറഞ്ഞത്.എന്നാൽ അത് എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.ആ വാക്കുകൾ കൃത്യമായി പാലിച്ചിരുന്നെങ്കിൽ നെടുമങ്ങാട് നഗരസഭയിലെ ജീവനക്കാരിയായിരുന്ന സുലേഖയ്ക്ക് തന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുംമുൻപേ കണ്ണടയ്‌ക്കേണ്ടി വരുമായിരുന്നില്ല.ഇതിന് പിന്നാലെ നടപടി വൈകിപ്പിച്ചതിന് സൂപ്രണ്ടിന് പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ.

തിരുവനന്തപുരം കോർപറേഷൻ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ട് ജെസ്സിമോൾ പിവി 15000 രൂപ പിഴ ഒടുക്കാനാണ് കമ്മിഷണർ എ അബ്ദുൽ ഹക്കിം വിധിച്ചത്. ജെസ്സിമോൾ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന് പെൻഷൻ ആനുകൂല്യങ്ങളും അതിന്മേലുള്ള വിവരങ്ങളും കൃത്യസമയം നൽകിയില്ല എന്ന് കമ്മീഷൻ കണ്ടെത്തി.

വിവരങ്ങൾക്കും ആനുകൂലങ്ങൾക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമീഷൻ ഹിയറിംഗിന് വിളിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്തമ്പർ 12 ന് മരണപ്പെട്ടു. തുടർന്ന് കമ്മീഷണർ നടത്തിയ തെളിവെടുപ്പിനെ തുടർന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസ്സിമോൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.