- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ്ടുക്കാരനായ മകൻ മൂന്നുപേരുമായി സ്‌കൂട്ടറിൽ; സ്‌കൂട്ടർ ഉടമയായ അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴയിട്ടു കോടതി
തൃശൂർ: പ്രായപൂർത്തിയാകാത്ത മകൻ മൂന്നു പേരുമായി സ്‌കൂട്ടറിൽ പോയതിന് പണി കിട്ടിയത് അമ്മയ്ക്ക്. മകൻ വണ്ടിയോടിച്ചതിന് അമ്മയ്ക്ക് കാൽലക്ഷം രൂപ പിഴയിട്ടു. കൊഴുക്കുള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി സ്‌കൂട്ടർ ഓടിച്ചതിനാണ് ഒന്നാം പ്രതിയായ അമ്മയ്ക്ക് കോടതി പിഴയിട്ടത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം. തൃശൂർ ചീഫ് ജ്യൂഡീഷ്യൽ മജിസ്‌ട്രേറ്റിന്റെതാണ് വിധി. സ്‌കൂട്ടർ അമ്മയുടെ പേരിലാണ്. പ്രതിയായ അച്ഛനെ ഒഴിവാക്കി.
ജനുവരി 20ന് രാവിലെയായിരുന്നു പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി മൂന്ന് പേരുമായി സ്‌കൂട്ടർ ഓടിച്ചത്. തൃശൂർ പൂച്ചട്ടി സെന്ററിൽ വച്ച് ഇത് മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ മൂന്ന് പേരും പതിനേഴുവയസുകാരാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇത് അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
സ്‌കൂട്ടറിന്റെ ഉടമയായ അമ്മയെ ഒന്നാം പ്രതിയാക്കിയും പ്ലസ്ടു വിദ്യാർത്ഥിയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് മോട്ടോർ വാഹനനവകുപ്പ് ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ അച്ഛനെയും അമ്മയെയും കോടതിയിൽ വിളിച്ചവരുത്തി. തന്റെ നോട്ടപിശകുകൊണ്ടാണ് മകൻ സ്‌കൂട്ടർ എടുത്തുപോയതെന്ന് അമ്മ കോടതിയിൽ കുറ്റം സമ്മതിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപട്ടികയിൽ നിന്ന് സർക്കാർ ജീവനക്കാരനായ അച്ഛനെ ഒഴിവാക്കി. അമ്മ 25,000 രുപ പിഴയൊടുക്കണമെന്ന് ജ്യുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവുശിക്ഷ അനുവഭിക്കണമെന്നും കോടതി നിർദേശിച്ചു.




