മലപ്പുറം: നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും അനധികൃതമായി പണമെത്തിച്ചതിൽ എൻഫോഴ്സ്മെന്റ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കൂടുതൽ വ്യവസായികളിലേക്കാണ് അന്വേഷണം നീളും. കുഴൽപ്പണമായും അല്ലാതെയും പിഎഫ്ഐ അക്കൗണ്ടിൽ 120 കോടിയെത്തിയതായി ഇഡി നേരത്തേ കണ്ടെത്തിയിരുന്നു.

ഇതിന്റെ ഉറവിടം ഇഡിയും അന്വേഷിക്കുകയാണ്. കൂടുതൽ ബിസിനസുകാർ പിഎഫ്ഐ അക്കൗണ്ടിലേക്കു പണമെത്തിക്കാൻ ഇടപെട്ടതായി ഉദ്യോഗസ്ഥർ അറിഞ്ഞിട്ടുണ്ട്. ഇതു പ്രകാരം ഇഡി പട്ടിക തയ്യാറാക്കി. പലരും പിഎഫ്ഐക്കു കള്ളപ്പണം നല്കിയിട്ടുണ്ടെന്ന സ്ഥിരീകരണത്തിൽ അവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ കോട്ടയ്ക്കൽ, ചങ്കുവെട്ടി, എടരിക്കോട്, രണ്ടത്താണി, പൊന്മള തുടങ്ങിയ സ്ഥലങ്ങളിലെ ഫർണിച്ചർ ഷോപ്പ്, സ്വർണക്കടകൾ, ട്രാവൽ ഏജൻസി എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയും രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു. പാലക്കാട് ബേക്കറി ഉടമയ്ക്ക് ചോദ്യം ചെയ്യലിന് ഇഡിയുടെ ഡൽഹി ഓഫീസിലെത്താൻ നോട്ടീസ് നല്കിയിട്ടുണ്ട്.

കോഴിക്കോടു നിന്ന് അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാവ് മുഹമ്മദ് ഷെഫീഖിനെ ചോദ്യം ചെയ്തതിൽ നിന്നുള്ള നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനും 120 കോടി ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.