പുനലൂർ: കൊല്ലം പിറവന്തൂർ മുക്കടവിലെ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ ചാരുംമൂടിന് സമീപം വേടർപ്ലാവ് സ്വദേശി അനിക്കുട്ടൻ (45) എന്ന പാപ്പർ ആണ് കേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണെന്നും, ഇയാളുടെ ചിത്രങ്ങൾ സഹിതം രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 23-നാണ് പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്നുള്ള വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. ഇടതുകാലിന് സ്വാധീനമില്ലാത്ത മധ്യവയസ്‌കനാണ് കൊല്ലപ്പെട്ടതെങ്കിലും, മൂന്നു മാസമായിട്ടും മരിച്ചയാളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധനകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലടക്കം നടത്തിയ അന്വേഷണങ്ങളും മരിച്ചയാളെ കണ്ടെത്താൻ സഹായിച്ചില്ല.

പ്രതിയെന്ന് സംശയിക്കുന്ന അനിക്കുട്ടൻ ടൈൽ പണിക്കാരനാണ്. ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ഇയാളുടെ കാലിൽ പൊള്ളലേറ്റ മുറിവുണങ്ങിയ പാടുണ്ട്. ഷർട്ട്, മുണ്ട്, കറുപ്പ്, കാവി നിറങ്ങളിലുള്ള ലുങ്കികൾ എന്നിവയാണ് ഇയാളുടെ സാധാരണ വേഷങ്ങൾ. ഷോൾഡർ ബാഗ് കൈവശം സൂക്ഷിക്കാറുണ്ടെന്നും പോലീസ് പറയുന്നു. സംഭവസ്ഥലത്തിനടുത്തുള്ള ഒരു പെട്രോൾ പമ്പിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള ആദ്യ സൂചനകൾ പോലീസിന് ലഭിച്ചത്.

പുനലൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഡോ. ഒ. അപർണയുടെ നേതൃത്വത്തിലാണ് ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. പുനലൂർ ഇൻസ്‌പെക്ടർ വിജയ് ശങ്കർ, സബ് ഇൻസ്‌പെക്ടർ എം.എസ്. അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. അനിക്കുട്ടനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് 9497987038 (പുനലൂർ പോലീസ് ഇൻസ്‌പെക്ടർ), 9497980205 (സബ് ഇൻസ്‌പെക്ടർ), 0475 2222700 (പുനലൂർ പോലീസ് സ്റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.