വളപട്ടണം: കണ്ണൂർ നഗരത്തിൽ വൻകഞ്ചാവു ശേഖരവുമായി ഒഡീഷ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. കണ്ണൂർ- കാസർകോട് ദേശീയ പാതയിലെ പ്രധാന ജങ്ഷനായ പുതിയതെരു മൂപ്പൻപാറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശിയെയാണ് പിടികൂടിയത്.

മൂന്നു കിലോ ഉണക്ക കഞ്ചാവുമായാണ് ഒഡീഷ ജാജ്പൂർ ജില്ലയിൽ ജാറി വില്ലേജിൽ പബിറ മാലിക് (19) എന്നയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ നിന്നും നേരിട്ട് കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂർ, വളപട്ടണം, മന്ന, മയ്യിൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കണ്ണികളിൽ പെട്ടയാളാണ് യുവാവെന്ന് എക്സൈസ് സംഘം പറഞ്ഞു. വിദ്യാർത്ഥികളും യുവാക്കളുമാണ് ഈയാളുടെ ഇടപാടുകാർ.

രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇയാളുടെ നീക്കങ്ങൾ നിരീക്ഷച്ചതിന്റെ ഭാഗമായാണ് ഉണക്ക കഞ്ചാവുമായി പിടികൂടാൻ സാധിച്ചത്. നേരത്തെയും കണ്ണൂർ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചുകൊടുത്തതിന് പ്രതിയെ കണ്ണുർ കോടതി റിമാന്റ് ചെയ്തിരുന്നു. പരിശോധനയ്ക്ക് എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ സർവ്വജ്ഞൻ എംപി, പ്രവീൺ എൻ.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിനേശൻ പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത് കുമാർ എൻ, സജിത്ത് എം, റോഷി കെ.പി, അനീഷ് ടി, നിഖിൽ പി, എക്സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ്) അജിത് സി എന്നിവരാണ് നേതൃത്വം നൽകിയത്.