- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത്; സംസ്ഥാനത്തിന്റെ കൈയിൽ പണമെത്താനുള്ള മാർഗങ്ങളെല്ലാം തടയുന്ന നില സ്വീകരിക്കുന്നു; ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ പുറംതിരിഞ്ഞ് നിൽക്കുന്നു; കേന്ദ്രത്തിനെതിരെ ആരോപണം തുടർന്ന് മുഖ്യമന്ത്രി
തിരൂർ: കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രധനമന്ത്രി കേരളത്തിൽ വന്ന് വസ്തുത മറച്ചുവെച്ച് തെറ്റായകാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുറവുകൾ തിരുത്താനല്ല, ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം വസ്തുതയല്ലാത്ത കാര്യങ്ങൾ ധനമന്ത്രി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം തിരൂരിൽ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൗജന്യമോ ഔദാര്യമോ വേണമെന്നല്ല ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രത്തിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ നിലപാട് പാടില്ല. സംസ്ഥാനത്തിന്റെ കൈയിൽ പണമെത്താനുള്ള മാർഗങ്ങളെല്ലാം തടയുന്ന നില സ്വീകരിക്കുന്നു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ പുറംതിരിഞ്ഞ് നിൽക്കുന്നു. ഒരു സംസ്ഥാനത്തോടും സാധാരണനിലയിൽ ചെയ്യാൻപാടില്ലാത്ത കാര്യമാണിത്. നാടിനോട് വലിയ ക്രൂരതയോടെ ഒരുതരം അവഗണന കാണിക്കുന്നു. എന്തെല്ലാമോ ഞങ്ങൾ ചെയ്തിരിക്കുന്നു എന്ന ധാരണ പരത്താൻവേണ്ടി ബോധപൂർവ്വം വസ്തുതയല്ലാത്ത കാര്യങ്ങൾ ധനമന്ത്രിയെപ്പോലെ ഒരാൾ വന്ന് പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
വലിയ ആഘോഷപരിപാടികൾ നടക്കുമ്പോൾ സുരക്ഷാമുൻകരുതൽ ഉറപ്പാക്കണമെന്നായിരുന്നു കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. തിരൂരിലെ പ്രഭാതയോഗത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ പങ്കെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: 'ഇന്ന് യോഗത്തിൽ പങ്കെടുത്ത് ഒരാൾ സംസാരിക്കുമ്പോ, അദ്ദേഹം ഒരു തങ്ങളാണ്, എനിക്ക് പ്രത്യേകരാഷ്ട്രീയമൊന്നുമില്ല, ഞാൻ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ല, എന്റെ സുഹൃത്തുക്കളെല്ലാം വരുന്നുണ്ട്. ഞാനും വന്നു. ഞാൻ ചില അഭിപ്രായങ്ങൾ പറയുകയാണെന്ന് പറഞ്ഞു. അഭിപ്രായം പറഞ്ഞു'-ഇതായിരുന്നു മറുപടി.



