- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരതിൽ ടിക്കറ്റില്ല, വേഗമേറിയ ഗതാഗത സംവിധാനത്തിൽ കേരളം ഏറെ പിന്നിൽ; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഗതാഗതസംവിധാനങ്ങൾ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂതന ഗതാഗത സംവിധാനങ്ങൾ കേരളത്തിൽ കൊണ്ടു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും വന്ദേഭാരതിലെ തിരക്ക് അത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകളുടേയും ഹൈടെക് ബസുകളുടെയും ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യാത്രാ സമയം ഏറ്റവും കൂടുതൽ വേണ്ടി വരുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. നമ്മുടെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴെയാണ്. പല കാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഇക്കാര്യത്തിൽ നാം പിറകിലാണ്. ഇവിടെ ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയ ഗതാഗത സംവിധാനങ്ങൾ. അതിനുപകരിക്കേണ്ട നൂതന സംവിധാനങ്ങളൊരുക്കേണ്ടതുണ്ട്. അതോടൊപ്പം ആ ഒരുക്കുന്ന സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ വികസനം സുസ്ഥിരമാവുകയുള്ളൂ.-മുഖ്യമന്ത്രി വ്യക്തമാക്കി.
നൂതനമായ ഗതാഗത സംവിധാനങ്ങൾ ആർക്കാണ് വേണ്ടതെന്ന് ചില കോണുകളിൽ നിന്ന് ചോദ്യങ്ങളുയരുന്ന കാലം കൂടിയാണിത്. അതിൽ എത്ര പേരാണ് യാത്ര ചെയ്യുക, എന്തിനാണ് അതിനായി പണം ചെലവഴിക്കുന്നത് എന്ന് ചോദിക്കുന്നവർ ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടർ നടത്തുകയാണ്. പക്ഷേ നമ്മുടെ നാടിന്റെ ഒരു അനുഭവമുണ്ട്. കുറച്ചു മാസങ്ങൾക്കു മുമ്പാണ് വന്ദേഭാരത് ട്രെയിൻ ഇവിടെ ഓടിത്തുടങ്ങിയത്.
ഇപ്പോഴുള്ള സ്ഥിതി അതിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇവിടെ ഒരു പരിപാടിക്ക് എറണാകുളത്തു നിന്ന് വന്ന ഒരാൾ എന്നോട് പറഞ്ഞത് അദ്ദേഹം ടിക്കറ്റിന് അന്വേഷിച്ചപ്പോൾ ടിക്കറ്റില്ല എന്നാണ്. അത്രയേറെ ആളുകൾ ദിവസവും ഈ വേഗതയേറിയ സംവിധാനം ഉപയോഗിക്കുകയാണ്. അപ്പോൾ കേരളം നൂതനഗതാഗത സംവിധാനത്തിന്റെ കാര്യത്തിൽ എങ്ങനെയാണ് പൊതുവേ ചിന്തിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.



