ദുബായ്: രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്. ഇൻഡൊനീഷ്യയും, സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം. നേരത്തെ നിശ്ചയിച്ച സിങ്കപ്പൂർ സന്ദർശനം വെട്ടിക്കുറച്ചാണ് പിണറായി ദുബായിൽ എത്തിയത്.

അടുത്ത ശനിയാഴ്ച മുഖ്യമന്ത്രി ദുബായിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം ആറിനായിരുന്നു വിദേശയാത്രക്കായി അദ്ദേഹം കേരളത്തിൽ നിന്ന് പുറപ്പെട്ടത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ് ആയിരുന്നതിനാൽ വിമാനത്താവളത്തിൽനിന്ന് അന്ന് പുറത്തിറങ്ങിയിരുന്നില്ല. ദുബായിലെത്തിയ അദ്ദേഹം രണ്ടു ദിവസം അവിടെ ഉണ്ടാകുമെങ്കിലും പരിപാടികൾ ഉണ്ടാകില്ല.

20ന് കേരളത്തിൽ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തിൽ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.