- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു; വിമാന കമ്പനികള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമെന്ന് മുഖ്യമന്ത്രി
നെടുമ്പാശ്ശേരി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലൂടെ ഇപ്പോള്‍ പ്രതിവര്‍ഷം ഒരു കോടിയിലേറെ പേര്‍ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയില്‍ 795 ഉം സര്‍വീസുകള്‍ ഇവിടെ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയില്‍ […]

നെടുമ്പാശ്ശേരി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലൂടെ ഇപ്പോള്‍ പ്രതിവര്‍ഷം ഒരു കോടിയിലേറെ പേര്‍ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയില്‍ 795 ഉം സര്‍വീസുകള്‍ ഇവിടെ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസുകളുണ്ട്.
'സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ സിയാലില്‍ ആസൂത്രണം ചെയ്തു വരികയാണ്. 550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെര്‍മിനല്‍ വികസനമാണ് അവയില്‍ പ്രധാനം. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 160 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സോണ്‍ വികസനത്തിനും സിയാല്‍ തുടക്കമിട്ടു കഴിഞ്ഞു', അദ്ദേഹം പറഞ്ഞു.
'വിമാനത്താവള സ്വകാര്യവത്ക്കരണം തകൃതിയായി തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയ പല വിമാനത്താവളങ്ങളും കാലക്രമേണ യൂസര്‍ ഡെവലപ്‌മെന്റ് ഫീസും ലാന്‍ഡിംഗ് ഫീസും കുത്തനെ ഉയര്‍ത്തുകയും അതിന്റെ ബാധ്യത സാധാരണ യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണ്. എന്നാല്‍, സര്‍ക്കാര്‍ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവര്‍ത്തനങ്ങളില്‍ അത്തരത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്നെയില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്‌മെന്റ് ഫീസും പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസുമാണ് സിയാലില്‍ ഉള്ളത്. അങ്ങനെ ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്', അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സിയാലില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഉദ്ഘാടന ചടങ്ങാണിതെന്ന് പിണറായി വിജയന്‍ ഓര്‍മിച്ചു. 'അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നൂര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിവയ്ക്ക് പുറമെ 7 മെഗാ പദ്ധതികള്‍ക്ക് കൂടി ഇക്കാലയളവില്‍ തുടക്കമിട്ടിരിക്കുന്നു. അവയില്‍ മൂന്നെണ്ണം ഇതിനോടകം കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പത്തു മാസത്തിനുള്ളില്‍ നാല് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സിയാലിന്റെ പ്രവര്‍ത്തനമികവിന്റെ ദൃഷ്ടാന്തമാണിത്. ഇത് സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങള്‍ക്കാകെ മാതൃകയാണ്.
മികച്ച രീതിയിലുള്ള സിയാലിന്റെ മുന്നേറ്റത്തിന് ഇത്തരം ഇടപെടലുകള്‍ വഴിവെച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്'.
'വിമാനത്താവളത്തില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളും സിയാലിന്റെ പ്രഫഷണല്‍ മികവ് ഉപയോഗപ്പെടുത്തുന്നുണ്ട്. പശ്ചിമതീര ജലപാതയുടെ പുനരുദ്ധാരണമാണ് അവയില്‍ പ്രധാനം. ഏറെ ശ്രമകരവും സങ്കീര്‍ണവുമായ ഈ പദ്ധതിയില്‍ കാര്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍, കനല്‍ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്ത് 516 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്നാണ് ഇതെല്ലാം കാണിക്കുന്നത്- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'നിലവില്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളത്തില്‍, ഒരു ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം മുന്‍നിര്‍ത്തിയാണ് സിയാല്‍ ഇപ്പോള്‍ 0484 എന്ന ഈ എയ്റോ ലോഞ്ച് നിര്‍മിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തങ്ങള്‍ക്ക് ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളില്‍ തങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള ഈ എയ്റോ ലോഞ്ച്, യാത്രക്കാരോടുള്ള സിയാലിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാല്‍ ജീവനക്കാരുടെ വകയായി ഒരു കോടി രൂപയും കാര്‍ഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അരലക്ഷം രൂപയും ചടങ്ങില്‍ വച്ച് മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിയാല്‍ നേരത്തെ തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സബ് കമ്മിറ്റി ചെയര്‍മാനുമായ പി.രാജീവ് അധ്യക്ഷനായിരുന്നു.


