- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈബ്രറികൾക്ക് സാമൂഹിക ഇടപെടലും നടത്താനാകണം; ശാസ്ത്രീയ ചിന്ത ശക്തിപ്പെട്ടുവെന്ന് കരുതുമ്പോഴും നരബലിയടക്കം നടക്കുന്നുണ്ട്; ബോധവൽക്കരണമാണ് ആവശ്യം: മുഖ്യമന്ത്രി
കണ്ണൂർ: ലൈബ്രറികൾക്ക് സമൂഹത്തിൽ ഇടപെടാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രീയ ചിന്ത ശക്തിപ്പെട്ടുവെന്ന് കരുതുമ്പോഴും അപമാനമുണ്ടാക്കുന്ന രീതിയിൽ നരബലിയടക്കമുള്ള അധമവൃത്തികളും നടക്കുന്നുണ്ട്. അതിനെല്ലാം പിന്നിലുള്ളത് കടുത്ത അന്ധവിശ്വാസവും അനാചാരവും ഒപ്പം വലിയ അത്യാർത്തിയുമാണ്. ഇതിനെതിരായ ബോധവൽക്കരണമാണ് ആവശ്യം.
ലൈബ്രറികളിലൂടെ രൂപപ്പെട്ടുവരുന്ന ഒട്ടേറെ പ്രാദേശിക കൂട്ടായ്മകളുണ്ട്. നാട്ടിലെ ചെറിയ ലൈബ്രറികൾക്ക് പോലും ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യാനാകും. വയോജന സംരംക്ഷണം, രോഗീ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കൽ, കാർഷിക പ്രവർത്തനങ്ങൾ എന്നിവയിലടക്കം ഇടപെടാൻ ഇത്തരം കൂട്ടായ്മകൾക്ക് കഴിയും. അർപ്പണ ബോധത്തോടെ പ്രവർത്തിച്ചാൽ അദ്ഭുതങ്ങൾ കാണിക്കാൻ കഴിയും. അത്തരത്തിലുള്ള വായനശാലകളും ലൈബ്രറികളും നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ട്.
പൊതു ഇടങ്ങൾ വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ഹിറ്റ്ലറുടെ പട എല്ലാ വിജ്ഞാനശേഖരവും നശിപ്പിക്കാൻ ശ്രമിച്ചതുപോലെ നമ്മുടെ നാട്ടിലും വായനശാലകൾ ആക്രമിക്കപ്പെട്ടിരുന്നു. വിജ്ഞാനത്തെ എതിർക്കുന്ന ശക്തികൾ എപ്പോഴുമുണ്ടാവും. വിജ്ഞാന പ്രസാരണത്തെ എതിർക്കുന്ന ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കണം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പണ്ട് നമ്മുടെ നാട്ടിൽ വായനശാലകളും ലൈബ്രറികളും സ്ഥാപിക്കപ്പെട്ടത്. കണ്ണൂർ താഴെ ചൊവ്വയിലെ 'തൊഴിലാളി ലൈബ്രറി' സ്ഥാപിച്ചത് ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന എകെജിയുടെ നേതൃത്വത്തിലായിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടത് 1937ലാണെങ്കിൽ അതിനും അഞ്ച് വർഷം മുമ്പ് 1932ലാണ് 'തൊഴിലാളി ലൈബ്രറി' സ്ഥാപിച്ചത്.
പഴയ കാലത്ത് ലൈബ്രറികളിലെ ചർച്ചാ ക്ലാസുകളിലൂടെ സമൂഹത്തിന് വേണ്ട ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഇന്ന് അത്തരം ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യേണ്ട കാലമാണ്. പക്ഷേ അത്തരം ചർച്ചകൾ വേണ്ടത്ര നടത്താനും ഇടപെടാനും നമുക്ക് കഴിയുന്നില്ല. ഓരോ സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നവർക്ക് വേണ്ടത്ര ധാരണ ഇല്ലാത്തതിനാലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ