- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് മാസംകൊണ്ട് പൂർത്തിയായത് ഒരു ലക്ഷത്തി മുപ്പതിനായിരം സംരംഭങ്ങൾ സൃഷ്ടിക്കാനായി; എണ്ണായിരം കോടി രൂപയുടെ നിക്ഷേപവും 2.8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുമായി; അവകാശവാദവുമായി മുഖ്യമന്ത്രി
തൃത്താല: കഴിഞ്ഞ പത്തുമാസത്തിനിടെ സംസ്ഥാനത്ത് 1.32 ലക്ഷം സംരഭങ്ങൾ സൃഷ്ടിക്കാനായെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിശേരി അൻസാരി കൺവൻഷൻ സെന്ററിൽ സംസ്ഥാന തദ്ദേശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പ്രവർത്തനത്തെക്കുറിച്ച് ആദ്യഘട്ടത്തിൽ ആലോചിക്കുമ്പോൾ ചെറിയ സമയത്തിനിടെ സാധിക്കുമോയെന്ന് ചിലർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ എട്ടുമാസത്തിൽ തന്നെ ലക്ഷ്യത്തിലെത്തി. 10 മാസത്തിനിടെ 1.32 ലക്ഷത്തിലേറെ സംരംഭം ആരംഭിക്കാനും എണ്ണായിരം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 2.8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുമായെന്നും പിണറായി പറഞ്ഞു.
സ്റ്റാർട്ടപ് രംഗത്തും വലിയ ഇടപെടൽ നടത്തി. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ്സ് റേറ്റിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ്. ആറു വർഷത്തിനിടെ 836 കോടി രൂപ ഫണ്ട് ഓഫ് ഫണ്ടും 4,561 കോടി രൂപ വെൻച്വർ ക്യാപിറ്റൽ ഫണ്ടും സ്റ്റാർട്ടപ്പ് മേഖലയിൽ ലഭ്യമാക്കാനായി. നാലായിരത്തോളം സ്റ്റാർട്ടപ്പുകളും നാൽപ്പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. സംരംഭങ്ങൾ തുടങ്ങാൻ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. സംരംഭങ്ങളിൽ മുന്നോട്ട് വരുന്നവർ മനം മടുത്ത് തിരിച്ച് പോകാനുള്ള അന്തരീക്ഷം ഉണ്ടാക്കരുത്.
ഓരോ പ്രദേശത്തിനും അനുയോജ്യമായ തൊഴിൽ കണ്ടെത്തണം. പ്രാദേശിക കൂട്ടായ്മയിലൂടെ തൊഴിൽ നൈപുണ്യം സിദ്ധിച്ചവരെ സൃഷ്ടിക്കുന്നതോടൊപ്പം സംരംഭകരെയും ഉണ്ടാക്കണം. ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എന്നിവയിലൂടെ വലിയ ഇടപെടലുകൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നുണ്ട്. നോളജ് ഇക്കണോമി മിഷൻ മുഖേന നൈപുണ്യവികസന പരിപാടികളുമുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറെ പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതാണ് ദാരിദ്ര്യനിർമ്മാർജ്ജനം. സംസ്ഥാനത്ത് 64,000 ത്തിലധികം കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവരിൽ സാധ്യമായവർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി തൊഴിൽസഭ നടപ്പാക്കുന്നു. മാറുന്ന കാലത്തിനനുസരിച്ച് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകണം. പുതിയ കാലത്തെ സോഷ്യൽ ഡിസൈൻ സെന്ററുകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറണം. ഒറ്റ ക്ലിക്കിൽ നിരവധി വിവരങ്ങൾ കൺമുന്നിൽ എത്തുന്ന ഈ കാലത്ത് പണം വാങ്ങുന്നതു മാത്രമല്ല അഴിമതി. സേവനങ്ങൾ വൈകിപ്പിക്കുന്നതും അർഹമായവ നിഷേധിക്കുന്നതുമെല്ലാം അഴിമതിയാണ് - മുഖ്യമന്ത്രി പറഞ്ഞു.