കണ്ണൂർ: കൈതോലപ്പായ, മാസപ്പടി വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന് നടക്കും. ശനിയാഴ്‌ച്ച അദ്ദേഹം കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വന്ദേഭാരതിൽ യാത്ര ചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചിൽ കനത്ത സുരക്ഷയൊരുക്കും. മകൾ വീണാ വിജയന്റെ എക്‌സാലോജികുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ടുകൂടിയാണ് കനത്ത സുരക്ഷയൊരുക്കുന്നത്.

നേരത്തെ എയർഇന്ത്യാ വിമാനത്തിൽ യാത്ര ചെയ്യവേ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയതും മുന്നിലുണ്ട്. ഇതിന് പുറമേ നിരന്തരം വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ ട്രെയിനുകൾക്കെതിരെ കല്ലേറുകൾ പതിവാകുന്നുണ്ട്. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് ഡ്രോൺ പറത്തിയും പരിശോധന നടത്തും.

കൂത്തുപറമ്പിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്‌ച്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നുവെങ്കിലും യാത്ര ചെയ്്തിരുന്നില്ല. എന്നാൽ വന്ദേഭാരതിന് ജനങ്ങൾ കൊടുത്ത സ്വീകരണ ചടങ്ങുകളിൽ സി.പി. എം ജില്ലാ നേതാക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തിരുന്നു.

കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന വികസനസെമിനാർ ഉദ്ഘാടനം ചെയ്യവേ വന്ദേഭാരതിന് ലഭിച്ച പൊതുസ്വീകാര്യത ജനങ്ങൾ കെ. റെയിലിന് അനുകൂലമായി ചിന്തിക്കുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. സാധാരണയായി മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വ്യോമമാർഗമാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതെങ്കിലും ഇത്തവണ വന്ദേഭാരതിൽ മടങ്ങി പോകുന്നത് സർക്കാർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായമാണെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്.

ഇൻഡിഗോ വിമാനക്കമ്പിനിയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും വന്ദേഭാരതിലാണ് ഇപ്പോൾ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നായ വന്ദേഭാരത് എക്സ്പ്രസിൽ മുഖ്യമന്ത്രി ആദ്യമായി യാത്ര ചെയ്യുന്നുവെന്ന കൗതുകവും കണ്ണൂരിൽ നിന്നുള്ള യാത്രയ്ക്കുണ്ട്.