തലശേരി: മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സന്ദർശനം നടത്തിയത്. ഭാര്യ കമല, സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം. വി. ജയരാജൻ, നേതാക്കളായ സി. കെ. രമേശൻ, എം. സുരേന്ദ്രൻ, എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും കോടിയേരിയുടെ ഈങ്ങയിൽ പീടികയിലുള്ള വീട് സന്ദർശിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. സി.പി. ഐ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം കോടിയേരിയുടെ വീട്ടിൽ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. പന്ന്യന്നൂർ വെറ്റിനറി ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലായിരുന്നു മന്ത്രിയുടെ സന്ദർശനം.