കൊല്ലം: സ്കൂളിൽ വെച്ച് പ്ലസ്ടു വിദ്യാർത്ഥിയെ താക്കോൽ കൊണ്ട് മർദിച്ച് പരിക്കേൽപ്പിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകനായ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തത്. വിദ്യാർത്ഥിയുടെ മുഖത്ത് പരിക്കേൽക്കുകയും തുടർന്ന് സംഭവത്തിൽ അന്വേഷണ വിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സ്കൂൾ വരാന്തയിലൂടെ കൂട്ടുകാരുമായി നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിയോട് അധ്യാപകൻ റാഫി വേഗത്തിൽ നടക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥി സാവധാനത്തിൽ നടന്നുപോയതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി താക്കോൽ ഉപയോഗിച്ച് മർദിച്ച് അവശനാക്കുകയായിരുന്നു.

കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. അന്യായമായി തടഞ്ഞുവെക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് അധ്യാപകനെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടർന്ന് അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രാഥമികാന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.