- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസ് തുടങ്ങുന്നതിന് മുൻപേ സ്കൂളിലെത്തി; പിന്നാലെ മൂന്നാം നിലയിൽ താഴേക്ക് ചാടി; പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; പഠനത്തിൽ മിടുക്കി, മാനസിക പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ
കണ്ണൂർ: പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിദ്യാർത്ഥിനി പ്രാക്ടിക്കൽ മോഡൽ പരീക്ഷ എഴുതുന്നതിനായാണ് സ്കൂളിലെത്തിയത്.
രാവിലെ 8.30-ന് ക്ലാസ് തുടങ്ങേണ്ടിയിരിക്കെ, വിദ്യാർഥിനി നേരത്തെ സ്കൂളിലെത്തുകയും കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടുകയുമായിരുന്നു. സ്കൂളിലെ ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് കുട്ടി വീണത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. സംഭവത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥിനി പഠനത്തിൽ മിടുക്കിയായിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ കെ ബിനോയി പറഞ്ഞു. സ്കൂളിൽ മറ്റ് പ്രശ്നങ്ങളോ മാനസിക പ്രയാസങ്ങളോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് അവധി കഴിഞ്ഞ് കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടിക്ക് യാതൊരു മാനസിക പ്രയാസവും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. വിദ്യാർത്ഥിനിയുടെ അമ്മ അടുത്ത ദിവസം വിദേശത്തേക്ക് ജോലി ആവശ്യത്തിന് പോകാനിരിക്കെയാണ് ഈ അപകടം സംഭവിച്ചത്.




