മലപ്പുറം: അവധിദിവസം ആഘോഷിക്കാൻ പാറമടയിൽ കുളിക്കാനെത്തിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുമുറി പാറമടയിലുണ്ടായ അപകടത്തിൽ കോട്ടക്കൽ പൂവൻചിനയിലെ കോട്ടയിൽ കുഞ്ഞാലിയുടെ മകൻ കെ. നാദിസ് അലി(19)യാണ് മരിച്ചത്. വടക്കുമുറി ബ്രാഞ്ച് മഅ്ദിൻ ദ -അവ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.

വടക്കുമുറി ബ്രാഞ്ച് ജുമാമസ്ജിദിന്റെ സമീപത്ത് പ്രവർത്തനം നിർത്തിയ ഏകദേശം 10 സെന്റ് ഓളം സ്ഥലത്തു വ്യാപിച്ചുകിടക്കുന്നതും ,ഏകദേശം 30 അടി വെള്ളം നിറഞ്ഞതും ഒരു ഭാഗം 100 അടിയോളം ഉയരവുമുള്ള പാറമടയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. പഠനം നടത്തുന്ന ്വടക്കുമുറി ബ്രാഞ്ച് മഹ്ദിൻ ദ -അവ കോളേജിന് സമീപത്തുതന്നെയാണ് ക്വാറിയും സ്ഥിതി ചെയ്യുന്നത്. ഇന്ന് അവധി ദിവസമായതിനാൽ നാദിസ് അലിയും രണ്ടു സുഹൃത്തുക്കളും കുളിക്കാനായാണ് ഇവിടെ എത്തിയിരുന്നത്.

കുളിക്കുന്നതിനിടയിൽ നാദിസ് അലി അപകടത്തിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ മഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽ നിന്നും, റെസ്‌ക്യൂ ടീം സംഭവ സ്ഥലത്ത് എത്തുകയും, റബ്ബർ ഡിങ്കിയിൽ സ്‌കൂബാ ഡ്രൈവറും , മുങ്ങൽ വിദഗ്ധരും പാറമടയിൽ ഇറങ്ങി മുങ്ങിത്തപ്പുകയും ചെയ്തു. ഇതിനിടെ ജി.ആർ.എസ്.ആർ.എഫ് സൈനുൽ ഹബീബ് ആഴത്തിൽ നിന്ന് കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു.

തുടർന്ന്,കൂടെയുള്ളവരുടെ സഹായത്തോടെ പാറമടയിൽ നിന്ന് റബ്ബർ ഡിങ്കിയിൽ കുട്ടിയെ കരയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷ സി.പി.ആർ നൽകിക്കൊണ്ട് മഞ്ചേരി മെഡിക്കൽ കോളേജിൽ ഉടനടി എത്തിക്കുകയും, ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽനിന്നെത്തിയ ഉദ്യോഗസ്ഥരായ അബ്ദുൾകരീം, എസ്എഫ്ആർഒ മനോജ്, ജിആർ എസ്എഫ്ആർഒ (എം) സൈനുൽ ഹബീബ്, സജീഷ്, ജംഷാദ്, ഫിറോസ്, കൃഷ്ണകുമാർ, മനേഷ്, പ്രജിത്ത്, അബൂബക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം തെരച്ചിൽ നടത്തിയത്.