- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി ഇരുന്ന സംഭവം: കേസ് അവസാനിപ്പിക്കാൻ പൊലീസ്; വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്യാത്തതിനാൽ ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ്
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ്. സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിൽ പൊലീസ് എത്തിയത്.
മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥിനി ക്ലാസിലെത്തിയതെന്ന് വ്യക്തമായിരുന്നു. എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാർത്ഥിനി ക്ലാസിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ തീരുമാനം. എന്നാൽ സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ തീരുമാനം.
നീറ്റ് പരീക്ഷാ ഫലം പരിശോധിച്ചതിലെ പിഴവ് മൂലം ഉയർന്ന റാങ്കാണെന്ന് കരുതി പെൺകുട്ടി മെഡിക്കൽ പ്രവേശനം ഉറപ്പായെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതോടെ നാട്ടിൽ പെൺകുട്ടിയെ അഭിനന്ദിച്ച് ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചു. എന്നാൽ പിന്നീടാണ് തനിക്ക് ലഭിച്ചിരിക്കുന്ന പതിനയ്യായിരത്തിന് മുകളിലാണെന്നും ഫലം പരിശോധിച്ചതിൽ പിശകുപറ്റിയെന്നും പെൺകുട്ടി മനസിലാക്കിയത്.
ഇതോടെ എംബിബിഎസ് ക്ലാസിലെത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. രക്ഷിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടി സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തിരുന്നു.




