തിരുവല്ല: ഹൃദയസംബന്ധമായ രോഗത്തിന് ചികിൽസയ്ക്കായി ഭാര്യയുടെ വീട്ടിൽ വന്ന് താമസിച്ചപ്പോൾ ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല കടയിൽ പുത്തൻ വീട്ടിൽ ബൈജു ശശിധരൻ (44 ) ആണ് ഇന്റർപോളിന്റെ സഹായത്തോടെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ രാവിലെ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ അവിടെ വച്ചാണ് കസ്റ്റഡിയിൽ എടുത്തത്.

ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി തിരുവല്ലയിലെ ഭാര്യ വീട്ടിൽ എത്തിയ ബൈജു കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ബൈജു വിദേശത്തേക്ക് മടങ്ങി. തുടർന്ന് കുട്ടിയുടെ മനോനിലയിൽ വ്യത്യാസം അനുഭവപ്പെട്ട സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു.

ചൈൽഡ് ലൈൻ നൽകിയവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മസ്‌കറ്റിൽ ആയിരുന്ന ബൈജു ശശിധരനെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല ഇൻസ്പെക്ടർ പി.എസ് വിനോദിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ഇന്ന് ഉച്ചയോടെ പ്രതിയെ തിരുവല്ലയിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.