പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി വയോധികയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ആളെ പോക്‌സോ കേസിൽ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ 17 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും, ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തതിന്, വടശ്ശേരിക്കര മണിയാർ അരീക്കക്കാവ് ചരിവുകാലായിൽ രഘു എന്ന് വിളിക്കുന്ന ബഷീറി (53)നെ യാണ് പെരുനാട് പൊലീസ് ഇന്ന് പിടികൂടിയത്.

വ്യാഴാഴ്‌ച്ച വൈകിട്ട് 6.30 ന് അരീക്കക്കാവിലാണ് സംഭവം. കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചു വഴിമാറി പോകാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് തടഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. അന്ന് തന്നെ സ്റ്റേഷനിൽ പരാതി നൽകിയതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.

പ്രതിയെ അന്വേഷിച്ചുവരവേ, അരീക്കക്കാവിലെ വീടിനു മുന്നിലെ റോഡിൽ വച്ച് ഇന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് ഉച്ചക്ക് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഡിസംബർ 9 ന് പുലർച്ചെ മൂന്നരയ്ക്ക് വയോധികയും രോഗിയും ഒറ്റയ്ക്ക് താമസിക്കുന്നതുമായ വീട്ടമ്മയെ അടുക്കളവാതിൽ തകർത്ത് അടിവസ്ത്രം മാത്രം ധരിച്ച് ഉള്ളിൽ കടന്ന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് പെരുനാട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ, അബ്കാരി കേസ് ഉൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ്.

ഏത് പ്രായത്തിലുള്ള സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാൻ ശ്രമിക്കുന്ന പ്രകൃതക്കാരനാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ വിജയൻ തമ്പി, സി പി ഓമാരായ പ്രദീപ്, സച്ചിൻ, വിഷ്ണു എന്നിവരാണുള്ളത്.