മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി നിരന്തരം ചാറ്റ് ചെയ്ത് പ്രണയം നടിച്ചു വശത്താക്കുകയും ശേഷം പീഡിപ്പിക്കുകയും ചെയ്ത കേസില്‍ വയനാട് സ്വദേശിയെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ വരദൂര്‍ ഷാഹുല്‍ ഹമീദ് (22) നെയാണ്് വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

ഈ മാസമാണ് കേസിനാസ്പദമായ സംഭവം. ഷാഹുല്‍ ഹമീദ് കല്‍പ്പറ്റയില്‍ നിന്ന് ബൈക്കില്‍ വഴിക്കടവില്‍ എത്തി ആളൊഴിഞ്ഞ ഒരു വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ഉണ്ടായ അസ്വാഭാവികത കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ വഴിക്കടവ് പോലീസില്‍ പരാതി നല്‍കി.

കേസ് രജിസ്റ്റര്‍ ചെയ്ത് വഴിക്കടവ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കല്‍പ്പറ്റ സ്‌പെഷല്‍ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പ്രതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട് നിരന്തരം ഫോളോ ചെയ്യുകയും പിന്നീട് പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു.

പോലീസ് അന്വേഷണം അറിഞ്ഞ ഇയാള്‍ വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. യുവാവിനെ മഞ്ചേരി പിഒസിഎസ്ഒ കോടതിയില്‍ ഹാജരാക്കി. അന്വേഷണ സംഘത്തില്‍ എഎസ്ഐ അനുമാത്യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസരമാരായ കെ.സി. ഗീത, ഇ.ജി. പ്രദീപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫിറോസ്, സലാഹു, ഗീത എന്നിവരും കല്‍പ്പറ്റ ഡാന്‍സാഫ് സംഘവും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.