തിരുവനന്തപുരം: ഭാര്യയുടെ ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ചുരുട്ട എന്ന രണ്ടാനച്ഛന് 2 വട്ടം മരണം വരെ കഠിന തടവും വിവിധ വകുപ്പുകളിലായി 62 വർഷം കാരാഗ്രഹ വാസവും 2.5 ലക്ഷം രൂപ പിഴയൊടുക്കുവാനും തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം. ബി. ഷിബു ശിക്ഷ വിധിച്ചു.

2021 ൽ പെൺകുട്ടിയെ പ്രതി കടത്തിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. കഴക്കൂട്ടം പൊലീസ് പ്രതിയെ തേടി പോകവേ പ്രതി പെൺകുട്ടിയുമായി തുമ്പ പൊലീസ് സ്റ്റേഷൻ പരിധിക്കകം ഒളിവിൽ പോയി. തുമ്പ പൊലീസ് പ്രതിയുടെ ഒളിയിടം കണ്ടെത്തി അറസ്റ്റിന് ശ്രമിക്കവേ പ്രതി പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ടു.

നിരവധി കേസിൽ പ്രതിയായ ഇയാളെ പൊലീസ് വളരെ പണിപ്പെട്ട് അപകടമായ മൽപ്പിടുത്തത്തിൽ കീഴ്‌പ്പെടുത്തുകയായിരുന്നു. കഴക്കൂട്ടം പൊലീസ് സി ഐ പ്രവീൺ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.