കണ്ണൂർ: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഹയർസക്കെൻഡറി അദ്ധ്യാപകനെതിരെ മുഴക്കുന്ന് പൊലിസ് പോക്സോ ചുമത്തി കേസെടുത്തു. കാക്കയങ്ങാട് പാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകൻ എ.കെ ഹസനെതിരെയാണ് പൊലിസ് കേസെടുത്തത്.

അദ്ധ്യാപക സംഘടനാ നേതാവ് കൂടിയായ ഹസൻ ഒളിവിലാണ്. സ്‌കൂളിൽ നടന്ന കൗൺസിലിങിനിടെയാണ് അഞ്ചു വിദ്യാർത്ഥിനികൾ അദ്ധ്യാപികയോടെ ഹസൻ മോശമായി പെരുമാറിയെന്ന് പരാതി പറഞ്ഞത്. സ്‌കൂൾ അധികൃതർ ഉടൻ ചൈൽഡ് ലൈനിലും പൊലിസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലിസ് വിദ്യാർത്ഥിനികളിൽ നിന്നും മൊഴിയെടുത്തതിനു ശേഷം പോക്സോ ചുമത്തി ഈയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

വിദ്യാർത്ഥിനികളോട് ഇയാൾ ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്നാണ് പരാതി. സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായ പെരുമാറിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്. എഫ്. ഐ ഇരിട്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുൻപിൽ ധർണ നടത്തിയിരുന്നു. ഇരിട്ടി ഏരിയാ സെക്രട്ടറി ആശ്രിത് ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം ആദർശ് അധ്യക്ഷനായി. നേതാക്കളായ ഗീരീഷ്,, സംഗീത്, അക്ഷയ ആദിത്യൻ എന്നിവർ പ്രസംഗിച്ചു.