കൊല്ലം: വിചാരണയ്ക്കായി കൊട്ടാരക്കര കോടതിയിലെത്തിയ പോക്സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. ഇളമാട് സ്വദേശി അബിൻ ദേവ് ആണ് കോടതി വളപ്പിൽ നിന്ന് ചാടിപ്പോയത്. 2022ലെ പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, അബിൻ ദേവിനെ ചടയമംഗലം പോലീസ് മുമ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങി. വിചാരണ നടക്കുന്നതിനാലാണ് ഇന്ന് കോടതിയിൽ ഹാജരായത്. ജാമ്യത്തിൽ കഴിയവേയാണ് ഇയാൾ കോടതിയിൽ നിന്ന് മുങ്ങിയത്. എന്തിനാണ് ഇത്തരത്തിൽ ഓടി രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ചാടിപ്പോയ സംഭവം പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.