- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവ്
കൊച്ചി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കാറോട്ട് വീട്ടിൽ അനിൽകുമാറിനെയാണ് (55) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ഫ്ളാറ്റിൽ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാൽ ഒരു ദയയും അർഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു വകുപ്പുകളിൽ 16 വർഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
ഇൻഫോപാർക്ക് സിഐ.യായിരുന്ന പി.കെ. രാധാമണി, എസ്ഐ. എ.എൻ. ഷാജു തുടങ്ങിയവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ