കണ്ണൂര്‍: പോക്‌സോ കേസില്‍ പ്രതിയായ ക്ഷേത്രം കോമരത്തിനെ 23 വര്‍ഷം കഠിനതടവിനും 15000 രൂപ പിഴയടക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഏഴു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജലജാറാണി ഉത്തരവിട്ടു.

എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തിലെ അന്തിത്തിരിയനും കോമരവുമായ കെ.വി അനില്‍കുമാറിനെ (56)യാണ് കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. 2024 ജനുവരി മാസം അവസാനത്തെ ആഴ്ച്ചയില്‍ വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 15 വയസുകാരിയെ ആള്‍പെരുമാറ്റമില്ലാത്ത സ്ഥലത്തേക്ക് ബലപ്രയോഗത്തിലൂടെ നിര്‍ബന്ധിതമായി കൂട്ടിക്കൊണ്ടു പോയി അനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രൊസിക്യുഷന്‍ കേസ്.

പ്രൊസികൃഷന് വേണ്ടി അഡ്വ.പീതകുമാരി ഹാജരായി. എടക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വിബിജുവാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി വിധിക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.