ആലത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് 26 വര്‍ഷം കഠിനതടവും 2,60,000 രൂപ പിഴയും ശിക്ഷ. എരിമയൂര്‍ കുനിശേരി കിഴക്കേത്തറ അമ്പലവളവ് ശ്രീഹരി വീട്ടില്‍ രാമന്‍കുട്ടി (70) യെയാണ് ആലത്തൂര്‍ ഫാസ്റ്റ്-ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് സന്തോഷ് കെ വേണു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം. പിഴയുടെ 50 ശതമാനം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

2021 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അതിജീവിതയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചുകയറി ഗുരുതര ലൈംഗിക അതിക്രമം നടത്തിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. ആലത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി എസ് ബിന്ദു നായര്‍ ഹാജരായി.