ആലുവ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവത്യാഗം വരിച്ച സേനാംഗങ്ങളെ അനുസ്മരിച്ച് പൊലീസ് സ്മൃതിദിനം ആചരിച്ചു. കളമശ്ശേരി ഡി.എച്ച്.ക്യു ക്യാമ്പിൽ നടന്ന ചടങ്ങിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ , ക്രൈംബ്രാഞ്ച് എസ്‌പി എംപി.മോഹനചന്ദ്രൻ നായർ തുടങ്ങിയവർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. അഡീഷണൽ എസ്‌പി ടി.ബിജി ജോർജ്, ഡി.വൈ.എസ്‌പിമാർ , ജില്ലയിലെ മറ്റ് പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സബ് ഇൻസ്‌പെക്ടർ വി എസ് സുധാകരൻ പരേഡിന് നേതൃത്വം നൽകി. 1959 ൽ ലഡാക്കിൽ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ ത്യാഗം ഓർമപ്പെടുത്തുന്നതിനാണ് ഒക്ടോബർ 21 പൊലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.