തിരുവനന്തപുരം: വധശ്രമക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ തിനവിള സ്വദേശി ഷാൻ എന്ന ഷൈജു, എ.കെ നഗർ സ്വദേശി ഉണ്ണി എന്ന അനൂപ് എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. കീഴാറ്റിങ്ങൽ എ.കെ. നഗറിൽ ഒക്ടോബർ ആറിന് ബിബിൻ നാഥിനെയും സുഹൃത്തുക്കളായ യുവാക്കളെയും വെട്ടിപ്പരിക്കേൽപിച്ച കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്.

കുറ്റകൃത്യത്തിനുശേഷം പ്രതികൾ നിരവധി സംഘങ്ങളായി പിരിഞ്ഞ് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. തിരുവനന്തപുരം പി.എം.ജി തേക്കുമൂട് ബണ്ട് കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സാഹസികമായാണ് ഇവരെ പിടികൂടിയത്.

പ്രതികൾക്ക് തിരുവനന്തപുരത്തുള്ള മറ്റു ഗുണ്ടാസംഘമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വർക്കല ഡിവൈ.എസ്‌പി നിയാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയായിരുന്നു.

കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ വി. അജേഷ്, എസ്‌ഐ. ദീപു, ഗ്രേഡ് എസ്‌ഐ മണിലാൽ, എഎസ്ഐ ശ്രീകുമാർ, ജ്യോതിഷ് കുമാർ, സി.പി.ഒമാരായ രാകേഷ്, അഖിൽ, സുജിൽ, ഡാനി എസ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.