കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർതൃമാതാവിനെ പൊള്ളലേൽപ്പിച്ചതിന് പൊലിസ് മരുമകൾക്കെതിരെ കേസെടുത്തു. കൊറ്റാളിയിൽ ഭർതൃമാതാവിനെ ചട്ടുകം പഴുപ്പിച്ചുവെച്ചു പൊള്ളിച്ച മരുമകൾക്കെതിരെയാണ് കണ്ണൂർ വനിതാ പൊലിസ് കേസെടുത്തത്. അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്നാണ് അക്രമം.

സ്ഥിരമായിവീട്ടിൽ വഴക്കുകൂടുകയായിരുന്ന ഇവർ തമ്മിൽ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ സഹികെട്ട മരുമകൾ ചട്ടുകം പഴുപ്പിച്ചു അമ്മായിഅമ്മയുടെ ദേഹത്ത് പൊള്ളിച്ചുവെന്നാണ് പരാതി. മരുമകൾ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നു ആരോപിച്ചു കണ്ണൂർ വനിതാ പൊലിസ് സ്റ്റേഷനിലെത്തിയ അമ്മായി അമ്മയുടെ പരാതിയിൽ എസ്. ഐ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

ഇതിനിടെയിൽ പൊലിസ് സ്റ്റേഷനിൽ വെച്ചും അമ്മായിയും മരുമകളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്നാണ് 61 വയസുകാരിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം മരുമകൾക്കെതിരെ വനിതാ പൊലിസ് കേസെടുത്തത്.ിസംഭവത്തെ കുറിച്ചുവിശദമായ അന്വേഷണം നടത്തുമെന്ന് വനിതാ പൊലിസ് എസ്. ഐ അറിയിച്ചു.