കുമ്പള: യുവമോർച്ച നേതാവ് മരിച്ചതിനു പിന്നാലെ പിതാവ് കടലിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ മാതാവും സഹോദരനുമടക്കം നാലുപേർക്കെതിരെ ഉള്ളാൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കൽക്കുള മൂസ ക്വാർട്ടേഴ്സിലെ ലോകനാഥൻ (52), മകനും യുവമോർച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. സംഭവം വിവാദമായ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

കഴിഞ്ഞ മാസം 10ന് കാണാതായ രാജേഷിനെ 12ന് ഉള്ളാൾ ബങ്കരക്കടലിൽ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ലോകനാഥനെ രണ്ടു ദിവസം മുമ്പാണ് ഉള്ളാൾ സോമേശ്വരം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ലോകനാഥയുടെ ഭാര്യ പ്രഭാവതി (49) മകൻ ശുഭം (25), പ്രഭാവതിയുടെ സഹോദരി ബണ്ട്വാൾ മുണ്ടപ്പദവ് നരിങ്കാനയിലെ ബേബി എന്ന ഭാരതി (38), ബംബ്രാണ ആരിക്കാടി പള്ളത്തെ സന്ദീപ് (37) എന്നിവർക്കെതിരെ ഉള്ളാൾ പൊലീസ് കേസെടുത്തു. ലോകനാഥന്റെ സഹോദരനും തൊക്കോട്ട് മഞ്ചിലയിൽ താമസക്കാരനുമായ സുധാകരൻ നൽകിയ പരാതി പ്രകാരമാണ് കേസ്.

ഇവരുടെ പ്രേരണയിലാണ് ലോകനാഥൻ ജീവനൊടുക്കിയതെന്ന് സുധാകരൻ പൊലീസിനു മൊഴി നൽകി. ഇതു സംബന്ധിച്ച ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും മൊഴിയിൽ വ്യക്തമാക്കി. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ലോകനാഥൻ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് മൊഴി നൽകാൻ പൊലീസ് വിളിപ്പിച്ച ദിവസമാണ് ലോകനാഥനെ കടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മരിക്കുന്നതിനു മുമ്പ് മരണത്തിനു ഉത്തരവാദികളെന്നു ചൂണ്ടിക്കാട്ടുന്ന ശബ്ദസന്ദേശങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു.