കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാമിൽ ഒരു സ്വകാര്യ ചാനൽ പേജിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട പോസ്റ്റിൽ അക്കു യു.എച്ച്.എച്ച് എന്ന പ്രൊഫൈലിൽനിന്ന് വധഭീഷണി കമന്റിടുകയായിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിൽനിന്ന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ പൊലീസ് പ്രൊഫൈൽ ഉടമക്കെതിരെ കേസെടുത്തു. സ്‌ക്രീൻ ഷോട്ടുകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കണ്ണൂർ സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.