കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തണമെന്ന സർക്കുലർ വിവാദത്തിൽ. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ പുറപ്പെടുവിച്ച സർക്കുലറാണ് വിവാദമായത്. എറണാകുളം റൂറൽ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾക്കാണ് സർക്കുലർ ലഭിച്ചത്.

വിശ്രമമുറികളിൽ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. വീട്ടിൽ നിന്ന് തന്നെ യൂണിഫോം ധരിച്ച് സ്റ്റേഷനിൽ എത്തണം. ഡ്യൂട്ടിയിലുള്ള മുഴുവൻ സമയവും യൂണിഫോം ധരിക്കണം. ഒരു സ്റ്റേഷനിൽ പുരുഷന്മാർക്കും വനിതകൾക്കുമായി രണ്ട് വിശ്രമകേന്ദ്രം മാത്രം മതി. ബാക്കിയുള്ളവ ഉടൻ മറ്റ് ആവശ്യത്തിനായി മാറ്റണമെന്നും സർക്കുലർ നിർദേശിക്കുന്നു.

വിശ്രമമുറിയെന്ന പേരിൽ സ്റ്റേഷൻ കെട്ടിടത്തിലെ പകുതിയോളം മുറികൾ പൊലീസുകാർ കയ്യടക്കി വെച്ചിരിക്കുകയാണെന്നും യൂണിഫോമും ഷൂസും തൊപ്പിയുമെല്ലാം അലക്കു കേന്ദ്രത്തിലെന്ന പോലെ കൂട്ടിയിടുന്നു. പലരും അടിവസ്ത്രം വരെ അലക്കിയിടുന്ന സ്ഥമായി വിശ്രമമുറികളെ മാറ്റുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു. ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിഐജി പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾക്കെതിരെ പൊലീസ് സേനയിൽ കടുത്ത അതൃപ്തി ഉയരുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥർക്കടക്കം യൂണിഫോം സൂക്ഷിക്കാൻ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം. പൊലീസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും വ്യാപക പ്രതിഷേധമാണ്്. മഫ്തിയിൽ ചെയ്യേണ്ട ഡ്യൂട്ടികൾ ഏറെയുള്ളതിനാൽ സ്റ്റേഷനിൽ തന്നെ വസ്ത്രം മാറേണ്ട സാഹചര്യം മിക്കപ്പോഴും ഉണ്ടാകാറുണ്ടെന്നും പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു.