തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് െേസെനയിലെ 828 പൊലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.2016-നുശേഷം ഇതുവരെ 828 പൊലീസുകാർ ക്രിമിനൽകേസുകളിൽ പ്രതികളായതായാണ് ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.ഇവർക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിച്ചതായും ഡോ. മാത്യു കുഴൽനാടന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസുകാർക്കെതിരെയുള്ള ഭൂരിഭാഗം കേസുകളും കോടതികളുടെ പരിഗണനയിലാണ്.അതേ സമയം വ്യാജ ഫൊറൻസിക് റിപ്പോർട്ട് തയ്യാറാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.മുൻ ഡി.ജി.പി.യുടെ പരാമർശത്തെത്തുടർന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.ഇതിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. അന്വേഷണം നടത്തുകയും സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ അക്രമങ്ങളിൽ പൊലീസെടുത്ത 2636 കേസുകളിൽ 93 കേസുകൾ പിൻവലിക്കാൻ നിരാക്ഷേപപത്രം നൽകിയിട്ടുണ്ടെന്നും 41 കേസുകൾ പിൻവലിക്കാൻ കോടതി അനുമതി നൽകിയതായും -മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.