കോഴിക്കോട്: പ്രവാസി യുവാവിനെ വഴിയിൽ തട‍ഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി. കാറിലെത്തിയ സംഘമാണ് ആക്രമം നടത്തിയത്.സംഭവത്തിൽ കോഴിക്കോട് പിലാശ്ശേരി സ്വദേശി ​ഷറഫുദ്ദീനാണ് മർദ്ദനമേറ്റത്. സൗദി അറേബ്യയിൽ ബേക്കറിയിലെ മാനേജരാണ് ഷറഫുദ്ദീൻ.

കോഴിക്കോട് മുണ്ടിക്കൽതാഴത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിലാശ്ശേരിയിലെ വീട്ടിലേയ്ക്ക് പോകവെയായിരുന്നു ആക്രമം. അഞ്ച് കാറുകളിലായെത്തിയ സംഘം മുണ്ടിക്കൽതാഴത്ത് വെച്ച് ഷറഫുദ്ദീൻ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇരുമ്പ് കാറിന്റെ ​ഗ്ലാസ് ദണ്ഡ് ഉപയോ​ഗിച്ച് അടിച്ചു പൊട്ടിച്ച ശേഷം ഷറഫുദ്ദീനെ ആക്രമിക്കുകയായിരുന്നു.

സംഭവസമയത്ത് ഷറഫുദ്ദീനും ബന്ധുവായ നാഫിസ് നിഹാൽ കാറിൽ ഉണ്ടായിരുന്നു. ആക്രമത്തിൽ പരിക്കേറ്റ ഷറഫുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

ബേക്കറിയുടെ ഉടമകളും നേരത്തെ പാർട്ണർമാരായിരുന്നവരും തമ്മിലുള്ള ബിസിനസ് പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമിച്ചവരെ പരിചയമുണ്ടെന്നുമാണ് ഷറഫുദ്ദീൻ പറയുന്നത്. പരാതിയിൽ അന്വേഷണം പുരഗമിക്കുകയാണ്.