തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾമാറാട്ട കേസിൽ പൊലീസ് പരിശോധന. ഓഫീസിൽ നിന്ന് കൊളജ് തിരഞ്ഞെടുപ്പ് രേഖകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച മുതലാണ് പരിശോധന ആരംഭിച്ചത്.
കാട്ടാക്കട എസ്‌ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജിൽ പരിശോധന നടത്തുന്നത്.

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുക. യൂണിയൻ തെരഞ്ഞെടുപ്പ് ഫലം, വിജയിച്ച വനിതാ പ്രതിനിധി രാജിവെച്ചോ, എസ്.എഫ്.ഐ നേതാവ് വൈശാഖിന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടത് എങ്ങനെ തുടങ്ങിയവയുടെ രേഖകളാണ് പരിശോധിക്കുക. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം മൊഴിയെടുക്കൽ അടക്കമുള്ള തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം പരാതിക്കാരായ സർവ്വകലാശാല റെജിസ്റ്റാറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സർവ്വകലാശാല അധികൃതർ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്, ആൾമാറാട്ടം നടത്തിയ വൈശാഖ് ഈ സ്ഥാപനത്തിൽ പഠിക്കുകയാണോ, ഇതിന്റെ അറ്റന്റൻസ് രേഖകൾ എന്നിവയാണ് പൊലീസ് പരിശോധിച്ചത്. അറ്റന്റൻസ് രേഖകൾ നാളെ ഹാജരാക്കാമെന്ന് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് രേഖകളെല്ലാം കോളേജ് അധികൃതർ കാട്ടാക്കട പൊലീസിന് കൈമാറി.

ആൾമാറാട്ട കേസിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള സർവകലാശാല രജിസ്റ്റ്രാർ നൽകിയ പരാതിയിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടർന്ന് ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ പദവിയിൽ നിന്ന് സർവകലാശാല പുറത്താക്കിയിരുന്നു.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ യൂണിവേഴ്‌സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച എ.എസ്. അനഘക്ക് പകരം എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യു.യു.സിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥിയാണ് എ. വിശാഖ്.