- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ മാനേജര്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, സൈക്കിള്‍ ഷെഡ് കെട്ടിയ സമയത്തെ മേല്‍നോട്ടച്ചുമതലയുള്ള മുന്‍ മാനേജ്‌മെന്റ്, സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരാണ് പ്രതിഭാഗത്തായി കേസില്‍ ഉള്‍പ്പെട്ടത്.
വിദ്യാര്‍ഥിയുടെ മരണത്തിനു പിന്നാലെ സ്‌കൂളിന്റെ പ്രധാനാധ്യാപികയ്‌ക്കെതിരെയാണ് ആദ്യം നടപടി സ്വീകരിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരേ നടപടിയില്ലെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. കെപിഎസ്ടിഎയുടെ നേതൃത്വത്തിലായിരുന്നു പ്രധാനാധ്യാപികയെ മാത്രം ലക്ഷ്യമാക്കിയ നടപടി നീതിക്കെതിരാണെന്ന ആക്ഷേപം. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിലെ സൈക്കിള്‍ ഷെഡിന്റെ മുകളില്‍ വീണ ചെരുപ്പെടുക്കാനായി കയറിയപ്പോഴാണ് മിഥുന്‍ ഷോക്കേറ്റ് വീണത്. ഉടനടി വൈദ്യുതി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിദ്യാര്‍ഥിയെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രധാനപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തറ മുതല്‍ വൈദ്യുത ലൈനിലേക്കുള്ള അകലം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും സൈക്കിള്‍ ഷെഡിന് മുകളിലേക്കും അത്തരമൊരു ലൈനുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്‌കൂള്‍ മാനേജര്‍ തന്നെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചവരുത്തിയതായി ഉത്തരവില്‍ വ്യക്തമാക്കി.