- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വളപ്പിൽ കാറോടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; യുവാക്കളെ സാഹസികമായി പിടികൂടി പോലീസ്; വാഹനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
മാവേലിക്കര: മദ്യലഹരിയിൽ സ്കൂൾ വളപ്പിലേക്ക് കാറോടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അധ്യാപകനെയും പോലീസിനെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. തെക്കേക്കര തഴക്കര വാർഡ് സഹ്യാദ്രി വീട്ടിൽ അനീഷ് എം.വി, കണ്ണമംഗലം കൈതതെക്ക് മുറിയിൽ തേവലപ്പുറത്ത് കിഴക്കത്തിൽ വീട്ടിൽ അവിനാശ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പോലീസ് കഞ്ചാവ് കണ്ടെടുത്തു.
ഓഗസ്റ്റ് 20-ന് മറ്റം സെന്റ് ജോർജ് സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിൽ പിടിഎ യോഗം നടക്കുന്നതിനിടെ കുട്ടികളും രക്ഷിതാക്കളും നോക്കിനിൽക്കെ പ്രതികൾ അതിവേഗത്തിൽ കാർ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിൽ വട്ടംകറങ്ങി അഭ്യാസം നടത്തി ഇവർ ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇവരുടെ അതിക്രമം ചോദ്യം ചെയ്യാനെത്തിയ സ്കൂളിലെ കായികാധ്യാപകനെ പ്രതികൾ മർദ്ദിക്കുകയും കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ഇവർ കയ്യേറ്റത്തിന് മുതിർന്നു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴടക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.