- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്ത വാഹനപുകപരിശോധനാ കേന്ദ്രങ്ങളെ തകർക്കുന്നു
കണ്ണൂർ: ഗതാഗത വകുപ്പിലെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ നിമിത്തം സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന പരാതിയുമായി വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ ഉടമകളും രംഗത്തെത്തി. ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് വാഹന പുകപരിശോധന കേന്ദ്രങ്ങളെ തകർക്കുകയും കുത്തക കമ്പനികൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കുകയും ചെയ്യുന്ന ഉത്തരവുകൾ റദ്ദാക്കാൻ ഗതാഗതവകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്‌സ് അസോസിയേഷൻ രംഗത്തു വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 13 ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പുക പരിശോധന കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളുണ്ടെന്ന്സംസ്ഥാനഭാരവാഹികൾ ചൂണ്ടിക്കാട്ടി. പുകപരിശോധന കേന്ദ്രങ്ങളിൽ രണ്ട് ലൈറ്റ് മോട്ടോർ വെഹിക്കിൾ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നതാണ് ഉത്തരവുകളിൽ പ്രധാനപ്പെട്ട കാര്യം. പുക പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ശരിയായ വെന്റിലേഷനോടുകൂടിയതും മൂന്ന് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള മുറി ഉണ്ടായിരിക്കണം.
മുറിയോട് ചേർന്ന് വാഹനപാർക്കിംഗിന് അനുയോജ്യമായ 10 മീറ്റർ നീളവും നാല് മീറ്റർ വീതിയുമുള്ള സ്ഥലം പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ ഉടമസ്ഥതയിലോ വാടക കരാർ പ്രകാരം സ്വന്തമാക്കിയതോയാകണമെന്നും ഉത്തരവിൽ പറയുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം പുക പരിശോധന കേന്ദ്രങ്ങൾക്കും ഇത് പാലിക്കാനാകില്ല. മിക്ക കേന്ദ്രങ്ങളും അത് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പൊതു പാർക്കിങ് സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് വാഹനങ്ങൾ നിർത്തിയിട്ട് പുകപരിശോധന നടത്തുന്നത്. പുതിയ ഉത്തരവ് പാലിക്കാനാകാത്തതിനാൽ പല സ്ഥാപനങ്ങളും പൂട്ടിയിടേണ്ട സ്ഥിതിയിലാണ്.
മറ്റു സാങ്കേതിക കാരണങ്ങളാൽ മാസങ്ങളായി പൂട്ടിക്കിടക്കുന്ന മുപ്പതോളം സ്ഥാപങ്ങൾ സംസ്ഥാനത്തുണ്ട്. തെറ്റുകൾ പരിഹരിച്ചിട്ട് പോലും ഇവയ്‌ക്കൊന്നും ഇപ്പോഴും തുറന്നുപ്രവർത്തിക്കാൻ കഴിയുന്നില്ല. ഇതുസംബന്ധിച്ച് മന്ത്രിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകുന്നില്ല. പുതിയ രീതിയിലുള്ള പുക പരിശോധന സംവിധാനം ഏർപ്പെടുത്തിയതിനാൽ കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യാത്ത വാഹനങ്ങൾ പുക പരിശോധയിൽ പരാജയപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ നിരവധി പേർക്ക് വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഇത്തരത്തിൽ ഈ മേഖലയെ തർക്കുന്നതിനും കുത്തകൾക്ക് കടന്നുവരാൻ അവസരമൊരുക്കുന്നതുമായ വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഗതാഗത വകുപ്പ് തയ്യാറാകണമെന്നു സംസ്ഥാന ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി കണ്ണൂർ, കൃഷ്ണൻ അമ്പാടി, പ്രമോദ് വേളി എന്നിവർ ആവശ്യപ്പെട്ടു.