കോട്ടയം: നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഴയ കെട്ടിടം ഇടിച്ചു നിരത്തിയത് വിവാദത്തിൽ. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്. ഉപയോഗിക്കാതെയും ഫിറ്റ്‌നസ് കിട്ടാതെയും വർഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് വിശദീകരണം. ഡിസംബർ 12നാണ് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊൻകുന്നത്ത് എത്തുന്നത്.

പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളിച്ചു നീക്കിയ സ്‌കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഏതാണ്ട് നീക്കം ചെയ്തു. ഇവിടെയാകും നവകേരള സദസിനായി പന്തൽ ഒരുക്കുക. മൂന്നു വർഷം മുമ്പ് പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അന്നു മുതൽ ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് പൊളിച്ചത്.

മൂന്നു വർഷമായിട്ടും പൊളിക്കാതെ കിടന്നിരുന്ന കെട്ടിടം, പൊളിച്ചു നീക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ വാല്യുവേഷൻ നടപടികൾ തീരാനുള്ള കാലതാമസമാണ് കെട്ടിടം പൊളിക്കുന്നത് വൈകിപ്പിച്ചതെന്നും ജില്ലാ പഞ്ചായത്ത് അധികൃത വിശദീകരിക്കുന്നു.