ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രാധ (75) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരിച്ചതെന്ന് കണ്ടെത്തലോടെ, കസ്റ്റഡിയിലുള്ള മകൻ പള്ളിത്തോടുകാട് നികർത്ത് ഗിരീഷി (49)നെ പോലീസ് വിട്ടയക്കും.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഈ സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചുവെന്നും, മറ്റാരെയും അറിയിക്കാതെ വീടിന് മുന്നിൽ കുഴിയെടുത്തു സംസ്കരിച്ചുവെന്നും ഗിരീഷ് നാട്ടുകാരോട് പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് വ്യക്തമാക്കുന്നു. മരണം വാർദ്ധക്യസഹജമായ കാരണങ്ങൾ മൂലമാണെന്ന് സ്ഥിരീകരിച്ചു. മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന വിവരമാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് നയിച്ചത്. പോലീസ് എത്തുമ്പോൾ ഗിരീഷ് കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാൽ, താൻ അമ്മയെ കൊലപ്പെടുത്തിയതല്ലെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും ഗിരീഷ് പോലീസിനോട് പറഞ്ഞിരുന്നു.