മലപ്പുറം: ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ വീട് പൂർണമായി കത്തിനശിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് പൂർണ്ണമായും കത്തിയമർന്നത്. വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട നാട്ടുകാരും അയൽവാസികളും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഓട്ടോ ഡ്രൈവറാണ് സിദ്ധിഖ്. ഓല മേഞ്ഞ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു.