തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിന് ശേഷം വിവരം സർക്കാരിനെ കെ എസ് ഇ ബി അറിയിച്ചു വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 നു നൽകാൻ കെഎസ്ഇബി ചെയർമാന് മന്ത്രി നിർദ്ദേശം നൽകി. നിലവിൽ സംസ്ഥാനത്ത് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. പവർകട്ട് വേണോയെന്ന് 21 ന് ശേഷവും തീരുമാനിക്കും.

ആകെ സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. കാലവർഷം ദുർബലമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു താഴ്ന്നു. ഇപ്പോൾ അണക്കെട്ടിൽ 32% വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 81% വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 30% ഇടുക്കിയിൽ നിന്നാണ്.

നിലവിൽ ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്ത് നിന്ന് വാങ്ങുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നാണ് മന്ത്രി സൂചന നൽകിയത്. ഓണത്തിന് മുൻപ് തന്നെ നിരക്ക് വർധന പ്രഖ്യാപിച്ചേക്കും. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്‌ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെ എസ് ഇ ബിയാണ് ഇപ്പോൾ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.