കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ രണ്ടു പതിറ്റാണ്ടോളം വ്യക്തി പ്രഭാവത്തിലൂടെ തിരയിളക്കം സൃഷ്ടിച്ച തല മുതിർന്ന ബിജെപി നേതാവ് പി.പി മുകുന്ദന് കണ്ണൂരിന്റെ യാത്രാമൊഴി. ആർഎസ്എസ് പ്രചാരകനായും ബി.ജെ പി സംഘടനാ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്ന വേളയിൽ അദ്ദേഹം ഏറെ ബന്ധം പുലർത്തിയിരുന്ന കണ്ണൂർ നഗരത്തിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ നൂറു കണക്കിനാളുകളാണ് പി.പി മുകുന്ദന്റെ ഭൗതികശരീരം കാണാനായി എത്തിയത്.

താവക്കരയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർ ജി ഭവനിലാണ് പി.പി മുകുന്ദന്റെ ഭൗതികശരീരം വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണി മുതൽ പത്തു മണി വരെ പൊതു ദർശനത്തിന് വെച്ചത്. രാഷ്ട്രീയ ഭേദമന്യേ വിവിധ പാർട്ടി നേതാക്കൾ പി.പി മുകുന്ദന് അന്തിമോപചാരമർപ്പിച്ചു. കണ്ണൂരിൽ രാഷ്ട്രീ സംഘർഷം ഇല്ലാതാക്കാൻ എന്നും മുൻപിൽ നിന്ന നേതാവായിരുന്നു പി.പി മുകുന്ദനെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്ര തികരിച്ചു. വിടവാങ്ങിയത് എല്ലാവരുമായി അടുപ്പം പുലത്തിയ നേതാവാണെന്നും എം.വി ജയരാജൻ പറഞ്ഞു.

പി.പി മുകുന്ദന്റെ വിയോഗം വ്യക്തിപരമായ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. എല്ലാവരോടും ഒരേ പോലെ പെരുമാറിയ നേതാവായിരുന്നു പി.പി.മുകുന്ദൻ , രാഷ്ട്രീയ എതിരാളികൾക്കു പോലും അദ്ദേഹം സ്വീകാര്യനാവാൻ കാരണം ഇതാണ്. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന സമയത്ത് എ.ബി.വി.പി പ്രവർത്തകനായിരിക്കെ അന്നത്തെ നായനാർ സർക്കാർ കള്ള കേസിൽ കുടുക്കിയ കാലത്ത് തനിക്കും കുടുംബത്തിനും ആത്മധൈര്യം പകർന്നു തന്ന നേതാവായിരുന്നു മുകുന്ദേട്ടൻ. അച്ഛനില്ലാതെ ജീവിച്ചിരുന്ന കാലത്ത് അമ്മയ്ക്ക് എല്ലാ വിധ ധൈര്യവും മുകുന്ദേട്ടന്റെ വാക്കുകളിലൂടെ ലഭിച്ചു. കേരളത്തിൽ ഒട്ടുമിക്ക സംഘപ്രവർത്തകർക്കും ആത്മവിശ്വാസമേകിയ നേതാവായിരുന്നു മുകുന്ദേട്ടനെന്ന് വി.മുരളീധരൻ അനുസ്മരിച്ചു.

ബിജെപി യിൽ രണ്ടാം നിര നേതാക്കളെ വളർത്തി കൊണ്ടുവരുന്നതിൽ വലിയ പങ്കു വഹിച്ച നേതാവാണ് പി.പി മുകുന്ദനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. എന്നെപ്പോലുള്ളവരെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് മുകുന്ദേട്ടനാണ്. ബിജെപി സംഘടനാ കാര്യ സെക്രട്ടറിയായിരിക്കുമ്പോഴും പാർട്ടിയിലെ സാധാരണക്കാരുമായി ഏറെ അടുപ്പം പുലർത്തിയ നേതാവായിരുന്നു പി.പി മുകുന്ദനെന്ന് കൃഷ്ണദാസ് അനുസ്മരിച്ചു.

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , അഡ്വ.പി. സന്തോഷ് കുമാർ എംപി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ , നേതാക്കളായ കെ.എൻ രാധാകൃഷ്ണൻ , കെ.രഞ്ചിത്ത് തുടങ്ങിയവർ മാരാർജി ഭവനിലെത്തി അന്തിമോപചാര മർപ്പിച്ചു.

തുടർന്ന് പുകളാലും പുഷ്പ ചക്രങ്ങളാലും അലങ്കരിച്ചു പ്രത്യേകം സജ്ജമാക്കിയ കെ എസ് ആർ.ടി.സി ബസിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാടായ മണത്തണയിലേക്ക് കൊണ്ടുപോയി. വൈകുന്നേരം നാലുമണിക്ക് കുളങ്ങരയത്ത് തറവാട് ശ്മശാനത്തിൽ സംസ്‌കരിക്കും. തുടർന്ന് വൈകുന്നേരം ആറിന് മണത്തണയിൽ സർവകക്ഷി അനുശോചന യോഗം നടക്കും.