തിരുവല്ല: മുന്‍വിരോധം കാരണം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലില്‍ വീട്ടില്‍ പി.ആര്‍.ആര്‍ജ്ജുന്‍ (27) ആണ് അറസ്റ്റിലായത്. പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടില്‍ ഷിബി (26)നെ 16 ന് വൈകിട്ട് 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിര്‍വശം റോഡില്‍ വച്ച് തടഞ്ഞുനിര്‍ത്തി പ്രതി മര്‍ദ്ദിച്ചു. ചവിട്ടി താഴെയിട്ട ശേഷം കൈയില്‍ കരുതിയ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കാവുംഭാഗത്തു നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പാലിയേക്കര മുനിസിപ്പല്‍ കോളനിയിലേക്കും മറ്റും പോകുന്ന റോഡില്‍ വ്യക്തിയുടെ വീടിനു പിന്നിലെ കക്കൂസ് കെട്ടിടത്തിന്റെ മുന്‍വശം കാടുമൂടിയ പ്രദേശത്തുനിന്നും വടിവാള്‍ പോലീസ് തെളിവെടുപ്പില്‍ കണ്ടെടുത്തു. മറ്റു നടപടികള്‍ക്കൊടുവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി.