ആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ പ്രസാദിന്റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അമ്പലപ്പുഴ പൊലീസിനാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഏത് വിഷമാണ് കഴിച്ചത് എന്നുറപ്പിക്കാനായി സാംപിളുകൾ രാസപരിശോധനയ്ക്ക് അയച്ചു.

ഇന്നലെ പ്രസാദിന്റെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലെ കയ്യക്ഷരം പ്രസാദിന്റേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെജി പ്രസാദ് (55) ആണ് കഴിഞ്ഞദിവസം മരിച്ചത്. പ്രസാദിന്റേത് ആത്മഹത്യയാണെന്നും മറ്റ് ദുരൂഹതയില്ലെന്നും ഉറപ്പിക്കുകയാണ് പൊലീസും.