ആലപ്പുഴ: വിനോദസഞ്ചാര വകുപ്പിനെതിരെ വിമർശനവുമായി യു പ്രതിഭ എംഎൽഎ. അതിരൂക്ഷ വിമർശനമാണ് എംഎൽഎ ഉയർത്തുന്നത്. ടൂറിസം വകുപ്പിന് കായംകുളത്തിനോട് കടുത്ത അവഗണനയാണെന്നും മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖല അവഗണനയാൽ വീർപ്പ് മുട്ടുകയാണെന്നും യു പ്രതിഭ എംഎൽഎ വിമർശിച്ചു. കായംകുളം കായലോരത്ത് നടന്ന ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

'ടൂറിസം എന്നാൽ കായംകുളം ഇല്ലേയെന്നാണ് സംശയം. ബീച്ചും പുന്നമടയും മാത്രമാണ് ടൂറിസം എന്നാണ് മിഥ്യാധാരണ. മന്ത്രി മുഹമ്മദ് റിയാസിനെ അടക്കം പല മന്ത്രിമാരേയും സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളം ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികൾ ഓർക്കണം.' എന്നും എംഎൽഎ പരസ്യമായി കുറ്റപ്പെടുത്തി.